Wednesday, July 16, 2025

അദ്ധ്യാത്മരാമായണം – രാമായണ മാസം - ദിവസം 1

 

അദ്ധ്യാത്മരാമായണം – രാമായണ മാസം 

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തരൂപമാണിത്. ജൂലായ് 17 മുതൽ 30 ദിവസം രാമായണത്തിന്റെ ഓരോ ഭാഗങ്ങൾ, സാധാരണ ഓരോ ദിവസവും പാരായണം ചെയ്യുന്നതിന്റെ കഥയും ആശയവും ചുരുക്കത്തിൽ പറയുക എന്നതാണ് ഈ പംക്തികൊണ്ട് ഉദ്ദേശിക്കുന്നത്. വിശദമായ വായനയ്ക്കും ഭക്തിപ്രഹർഷത്തിനും എഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ പാരായണത്തിന് പകരമായി മറ്റൊന്നുമില്ല എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.

 

ഡോ സുകുമാർ കാനഡ

 


 

ദിവസം 1

ബാലകാണ്ഡം

അനാദിയായ കാലം.

അതിന്റെ അതിപാവനമായ ഒരേടിൽ ശ്രീരാമന്റെ കഥ, അദ്ധ്യാത്മരാമായണം ആരംഭിക്കുന്നത്  അതിവിശിഷ്ടമായ രാമനാമജപത്തിലൂടെയാണ്.

 

ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ!

ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ!

 

രാമജപത്തിന്റെ ആവർത്തനം  അതിമധുരവും അതിശക്തവുമാണ്.  "രാമ" എന്ന നാമം ഉച്ചരിക്കുന്ന മാത്രയിൽ ഹൃദയം പ്രശാന്തമാവുകയും ദുഃഖങ്ങൾ അകലുകയും ചെയ്യുന്നു. തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം ആരംഭിക്കുന്നത് ഇങ്ങനെയാണ്, രാമന്റെ പുണ്യനാമത്തിന്റെ ആവർത്തന ജപം, പതിതജന്മങ്ങളെപ്പോലും പരിവർത്തനം ചെയ്യുന്നതത്രേ. ശ്രീ രാമ രാമ രാമ...

 

ഏറെ യുഗങ്ങൾക്ക്മുമ്പ്, വനാന്തരങ്ങളിൽ ജീവിച്ചുവന്ന ഒരു വേടനുണ്ടായിരുന്നു.  തീരെ വിദ്യാഭ്യാസമില്ലാത്തവനും അജ്ഞനുമായ അയാൾ ഒരു ദിവസം, മരാ, മരാ, മരാ, മരാ’, എന്നുച്ചരിച്ച്   താനറിയാതെതന്നെ രാമ, രാമ, രാമ’, എന്നിങ്ങിനെ  രാമനാമം ജപിക്കാൻ തുടങ്ങി. അവന്റെയാ നിഷ്കളങ്ക പ്രവൃത്തി, അനിച്ഛാപൂർവം ചെയ്ത രാമനാമജപം, അവനെ അജ്ഞാനത്തിന്റെ ഇരുട്ടിൽ നിന്ന് കരകയറ്റി, വാല്മീകിയെന്ന മഹർഷിയാക്കി മാറ്റി. അദ്ദേഹം രാമായണകാവ്യത്തിന്റെ രചയിതാവായി. ഇത് ഒരു സാധാരണ കാവ്യരചനയായിരുന്നില്ല. സാക്ഷാൽ ബ്രഹ്മദേവനാണ് വാല്മീകിയെ ഇതിനായി തിരഞ്ഞെടുത്തത്. അക്ഷരദേവതയായ സരസ്വതിദേവി, വാല്മീകിയുടെ  നാവിൽ വിരാജിച്ച് ഓരോ അക്ഷരവും, വാക്കും, ശ്ലോകവും, ദിവ്യസത്യത്തിന്റെ, കാവ്യഗരിമയുടെ,  നിറവുകൊണ്ട്  മുഗ്ധമാക്കി. അതിൽ പറഞ്ഞ കഥയോ? അതൊരു തവണ കേൾക്കുന്നത് പോലും മോക്ഷത്തിന്റെ വാതിലുകൾ തുറക്കാൻ കഴിയുന്നത്ര പരിപാവനമാണ്. കാലാതീതമായ സത്യത്തിന്റെ, ധർമ്മമാർഗ്ഗത്തിന്റെ, നിതാന്തമായി നമ്മിലുണർന്നിരിക്കുന്ന ദിവ്യത്യയുടെ, സാദ്ധ്യതാ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്ന, ഉദാത്തവും പ്രചോദനപ്രദവുമായ ആദികാവ്യമാണ് വാല്മീകി പറഞ്ഞുവച്ച രാമന്റെ കഥ. അന്നും ഇന്നും  ഒരുപോലെ സാംഗത്യമുള്ള കഥയും കഥയ്ക്കുള്ളിലെ കാര്യവുമാണ് രാമായണം. വ്യാസവിരചിതമായ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ശൈലിയിൽ ഭാഷാപിതാവായ എഴുത്തച്ഛൻ മലയാളഭാഷയ്ക്ക് സമർപ്പിച്ച മഹത്തായ കാവ്യമാണ് അദ്ധ്യാത്മരാമായണം.

 

ഉമാമഹേശ്വര സംവാദം

കൈലാസപർവതത്തിൽ, പരമശിവന്റെ സഹധർമ്മിണിയായ പാർവതി, ശ്രീരാമന്റെ അവതാര രഹസ്യം മനസ്സിലാക്കാൻ ആഗ്രഹിച്ചു. അറിവിന്റെ, ആത്മസംയമനത്തിന്റെ, കേദാരമായ ഭർത്താവിന്റെ മുമ്പിൽ വണങ്ങി നിന്ന് ദേവി ആവശ്യപ്പെട്ടത് കേവലം കഥ മാത്രമല്ല, കഥയുടെ പിറകിലുള്ള ആന്തരികസത്തകൂടിയാണ്. ധർമ്മം, കർമ്മം, ഭക്തി, ദിവ്യാചരണങ്ങളുടെ രീതികളും നിഷ്ഠകളും, അവയുടെ രഹസ്യങ്ങൾ, എല്ലാം സാമ്യക്കായി അറിയാനാണ് പാർവ്വതി അപേക്ഷിച്ചത്.

 

പാർവതിയുടെ വിനയവും ആഗ്രഹവും കണ്ട് സന്തുഷ്ടനായ ശിവൻ സമ്മതിച്ചു. “ഞാനും രാമന്റെ ഭക്തനാണ്, അതുകൊണ്ട് രാമന്റെ കഥ പറയാൻ എനിക്കും സന്തോഷമാണ്. മാത്രമല്ല, നിന്റെ ചോദ്യവും വളരെ നന്നായി. തികച്ചും അർഹയായ ഒരാൾക്കായി രാമകഥപറഞ്ഞു കൊടുക്കുന്നതിന്റെ ചാരിതാർത്ഥ്യവും എനിക്കുണ്ടാവുമല്ലോ!”  അങ്ങനെ മഹത്തായ കഥാകഥനം ആരംഭിച്ചു.

 

ലങ്കയിലെ അതിഭീകരമായ യുദ്ധത്തിനുശേഷം, രാവണനിഗ്രഹം കഴിഞ്ഞു വിജയശ്രീലാളിതനായ ശ്രീരാമൻ സീതാദേവിയോടൊപ്പം അയോദ്ധ്യയിലേക്ക് മടങ്ങി, രാജാവായി കിരീടധാരണം ചെയ്തു. മുനിമാർ, പ്രഭുക്കൾ, വിശ്വസ്ത വാനരന്മാർ, സേനാനികൾ, എന്നിവർ നിറഞ്ഞ രാജസഭയിൽ, ഹനുമാൻ നിശബ്ദനായി, കൈകൾ കൂപ്പി, തന്റെ പ്രഭുവിനോടുള്ള ഭക്തിപ്രഹർഷത്താൽ കണ്ണുകൾ നിറഞ്ഞ് നിന്നു. തന്റെ ഉൽകൃഷ്ടനായ ഭക്തനെ നോക്കി, രാമൻ സീതയോട് പറഞ്ഞു, “നമ്മുടെ ഉള്ളിന്റെ ഉള്ളിലെ സത്യം ശരിയായി ഗ്രഹിക്കാൻ ഏറ്റവും യോഗ്യനായി ഞാൻ കാണുന്നത് ഹനുമാനെ മാത്രമാണ്. അതുകൊണ്ട് ദേവിതന്നെ അവന് പരമാർത്ഥ തത്ത്വം ഉപദേശിച്ചാലും”

 

അതികൃപയോടെ, മൃദുലമധുരമായ സ്വരത്തിൽ സീത ഹനുമാനോട് പറഞ്ഞു: “വായുപുത്രാ, അറിഞ്ഞാലും, പരമസത്യം ബ്രഹ്മം ഒന്നുമാത്രമാണ്. രൂപരഹിതവും, കാലാതീതവും, വാക്കുകൾക്കപ്പുറവും, അനന്തവും ആണത്.  ആ പരബ്രഹ്മം ഇപ്പോൾ ശ്രീരാമനായി നമ്മുടെ മുന്നിൽ പ്രത്യക്ഷമായി നിൽക്കുന്നു. ഞാൻ, പ്രകൃതിയായി, അദ്ദേഹന്റെ സാന്നിദ്ധ്യത്തിൽ മാത്രം നൃത്തം ചെയ്യുന്ന സൃഷ്ടിശക്തിയാണ്. ഞാൻ പ്രവർത്തിക്കുമെങ്കിലും, അദ്ദേഹമാണ് എന്നെ ചടുലമാക്കുന്നത്. ബ്രഹ്മം പ്രവർത്തിക്കുന്നതായി തോന്നുമെങ്കിലും, അതെന്നുമെപ്പോഴും നിശ്ചലമാണ്. ആദിമദ്ധ്യാന്ത രഹിതമാണ്. ”

 

ശ്രീരാമൻ കൂട്ടിച്ചേർത്തു,ഒരേ ആകാശം പലേ ജലാശയങ്ങളിൽ പ്രതിഫലിക്കുന്നതുപോലെ, പരമാത്മാവ് അല്ലെങ്കിൽ പരബ്രഹ്മം അസംഖ്യം ജീവാത്മാക്കളായി പ്രതിഫലിക്കുന്നു. ആകാശം അസംഖ്യം വസ്തുക്കളിൽ പ്രതിഫലിച്ചു കാണുമ്പോൾ ആ കാഴ്ച്ചകളുടെ  നാമരൂപഭാവങ്ങൾ വ്യത്യാസപ്പെട്ടേക്കാം, പക്ഷേ ആകാശം എപ്പോഴും മാറ്റമില്ലാതെ നിലനിൽക്കുന്നു. അതുപോലെ, എല്ലാ ജീവാത്മാക്കളും ആ പരമാത്മാവിന്റെ പ്രതിഫലനങ്ങൾ മാത്രമാണ്. അവർ ഓരോരുത്തരും പരമാത്മാവുമായുള്ള തങ്ങളുടെ ഐക്യം തിരിച്ചറിയുന്ന നിമിഷം, എല്ലാ ദുഃഖവും അവസാനിക്കുന്നു.” സീതാദേവിയുടെയും ശ്രീരാമന്റേയും വാക്കുകൾ കേട്ട് ഹൃദയം നിറച്ചു പുളകംപൂണ്ട ദേഹത്തോടെ ഹനുമാൻ തൊഴുതുനിന്നു.

 

ശിവൻ പാർവതിയോട് കഥനം തുടർന്നു. “തിന്മനിറഞ്ഞവരുടെ ഭാരംകൊണ്ട് വലഞ്ഞ് ഭൂമീദേവി തന്റെ രക്ഷയ്ക്കായി ബ്രഹ്മദേവനോട് സങ്കടം പറഞ്ഞ് അപേക്ഷിച്ചപ്പോൾ ബ്രഹ്മാവ്  മഹാവിഷ്ണുവിനെക്കണ്ട് ഭൂമീദേവിയുടെ ദുഖശമനം നടത്താനുള്ള മാർഗ്ഗം തേടി.  അവരുടെ പ്രാർത്ഥനകളിൽ സന്തോഷിച്ച്, മഹാവിഷ്ണു, ഭൂരക്ഷയ്ക്കായി താൻ  ദശരഥരാജാവിന്റെ പുത്രൻ രാമനായി ഭൂമിയിൽ അവതരിക്കാമെന്ന്  അവർക്ക് വാഗ്ദാനം നല്കി.”

 

പുത്രകാമേഷ്ടിയാഗം, ശ്രീരാമാവതാരം

തുടർന്ന്, രാമായണകഥയുടെ ഭൂമിക അയോദ്ധ്യയിലേക്ക് മാറുന്നു. അദ്ധ്യാത്മരാമായണത്തിലെ ആദ്യത്തെ കാണ്ഡം - ബാലകാണ്ഡം തുടങ്ങുന്നു. ധീരനും നീതിമാനുമായ ദശരഥൻ ഭരിച്ചിരുന്ന മഹത്തായ ഒരു രാജ്യമാണ് അയോദ്ധ്യ. എന്നാൽ തന്റെ കുലത്തിന്റെ, രാജ്യത്തിന്റെ, പിന്തുടർച്ചക്കായി ഒരു പുത്രൻ പോലും ഇല്ലാ എന്ന ദുഖം രാജാവിനെ അലട്ടി. ഖിന്നനായ രാജാവ് പുത്രലബ്ധിക്കായി എന്താണ് ചെയ്യേണ്ടതെന്ന് തന്റെ ഗുരുവായ വസിഷ്ഠമഹർഷിയുടെ ഉപദേശം തേടി.  സന്താനലബ്ധിക്കായുള്ള ഒരു പുണ്യഹോമം, പുത്രകാമേഷ്ടി യാഗം, ചെയ്താൽ മതിയെന്നദ്ദേഹം രാജാവിനോടു പറഞ്ഞു. അതനുസരിച്ച് രാജാവ് ഋഷ്യശൃംഗമഹർഷിയെക്കൊണ്ട്  അതിവിപുലമായി യാഗം നടത്തിച്ചു, യാഗാഗ്നിയിൽ നിന്ന് അഗ്നിദേവൻ, കൈയിൽ ദിവ്യമായ ഒരു പായസം നിറച്ച ഒരു പാത്രവുമായി പ്രത്യക്ഷപ്പെട്ട് അത് രാജാവിന് സമ്മാനിച്ചു.  

 

ദശരഥരാജൻ ഈ ദിവ്യപായസത്തിന്റെ പകുതി തന്റെ പ്രിയ പത്നി കൈകേയിക്കും മറ്റേ പകുതി കൌസല്യയ്ക്കും നല്കി. അവർ രണ്ടുപേരും തങ്ങളുടെ വീതത്തിൽ നിന്നും പകുതിവീതം മൂന്നാമത്തെ രാജ്ഞിയായ സുമിത്രയ്ക്കു നല്കി. രാജ്ഞിമാർ മൂവരും കാലക്രമേണ ഗർഭിണികളായി, രാജാവിന് നാല് പുത്രന്മാർ ഉണ്ടായി. കൌസല്യയിൽ രാമനും, സുമിത്രയിൽ ലക്ഷ്മണനും ശത്രുഘ്നനും, പിന്നെ കൈകേയിയിൽ ഭരതനും ജനിച്ചു. കൗസല്യ, തന്റെ ഉദരത്തിൽപ്പിറന്ന ശിശുവായ ശ്രീരാമനെ കണ്ടപ്പോൾത്തന്നെ ആ ശിശുവിന്റെ ദിവ്യത്വം തിരിച്ചറിഞ്ഞു. ശംഖ്, ചക്രം, പദ്മം, ഗദ എന്നിവ ധരിച്ച നാല് കൈകളുള്ള ദിവ്യമായ ഭഗവദ്സ്വരൂപം നേരിൽക്കണ്ട് കൌസല്യ സന്തോഷാശ്രുക്കൾ പൊഴിച്ച് ഭഗവാനെ സ്തുതിച്ചു. എന്നാൽ പിന്നീട് ഭഗവാൻ സ്വയം ശിശുഭാവത്തിൽ തന്റെ അമ്മയുടെ മടിയിൽ മുലപ്പാലുണ്ട് കിടന്ന് ആ അമ്മയ്ക്ക് ജന്മപുണ്യസുകൃതം നല്കി.

No comments:

Post a Comment

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം - കഥാസാരം

തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം -  കഥാസാരം കൈലാസപർവതത്തിൽ , രാമന്റെ പരമഭക്തനായ ശിവൻ , പാർവതിക്ക് അദ്ധ്യാത്മ രാമായണ ത്തിൽ പ്രതിപ...