തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം -
കഥാസാരം
കൈലാസപർവതത്തിൽ, രാമന്റെ പരമഭക്തനായ ശിവൻ, പാർവതിക്ക് അദ്ധ്യാത്മ രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള രാമന്റെ പുണ്യകഥ പറഞ്ഞുതുടങ്ങി. “രാമ” നാമം പാപികളെപ്പോലും ശുദ്ധീകരിക്കും. ഒരു വേടൻ, അറിയാതെ രാമനാമം ജപിച്ച് വാല്മീകി മഹർഷിയായി. ബ്രഹ്മാവിന്റെ ആജ്ഞയാൽ, സരസ്വതിയുടെ അനുഗ്രഹത്തോടെ, അദ്ദേഹം ഈ മഹാകാവ്യം രചിച്ചു.
പരമശിവൻ വെളിപ്പെടുത്തി: “രാമൻ പരബ്രഹ്മംതന്നെയാണ്, പരമമായ സത്യം; സീത
പ്രകൃതിയാണ്, സൃഷ്ടിശക്തി. അവരുടെ ഐക്യം ദുഃഖത്തെ ഇല്ലാതാക്കുന്നു. അയോദ്ധ്യയിൽ, ഭൂമിദേവിയുടെ
പ്രാർത്ഥനയ്ക്ക് മറുപടിയായി, മഹാവിഷ്ണു ദശരഥന്റെ പുത്രൻ രാമനായി അവതരിക്കാമെന്നു വാഗ്ദാനം ചെയ്തു. പുത്രന്മാരില്ലാതിരുന്ന
രാജാവ് ദശരഥൻ പുത്രകാമേഷ്ടി എന്ന അഗ്നിയാഗം നടത്തിയപ്പോൾ യാഗാഗ്നിയിൽനിന്ന് ദിവ്യമായ
ഒരു പായസം ലഭിച്ചു. രാജാവ് ആ പായസം രാജ്ഞിമാരായ കൗസല്യ, കൈകേയി, സുമിത്ര
എന്നിവർക്ക് വീതിച്ചുനല്കി. ആ പായസത്തിന്റെ പ്രഭാവത്താൽ രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ
പുത്രന്മാർ ജനിച്ചു. കൗസല്യാദേവി പുത്രനായ രാമന്റെ നാലുഭുജങ്ങളുള്ള ദിവ്യരൂപം
ദർശിച്ച് ആനന്ദാശ്രുപൊഴിച്ചു. ശിശുവിനെ പരംപൊരുളായിക്കണ്ട് സ്തുതിച്ചു.
രാമനും
സഹോദരന്മാരും വേദങ്ങളും അസ്ത്രവിദ്യയും പഠിച്ച്, ജ്ഞാനവും വിനയവും നിറഞ്ഞവരായി വളർന്നു. രാമൻ, നാലു സഹോദരന്മാരുടെയും
നേതാവായി, എന്നാൽ ലക്ഷ്മണനോട് അഗാധമായ ഒരു സ്നേഹബന്ധം പുലർത്തി.
വിശ്വാമിത്ര മഹർഷി, രക്ഷസന്മാരായ മാരീചന്റെയും സുബാഹുവിന്റെയും
ശല്യത്തിൽനിന്ന് അദ്ദേഹം നടത്തുന്ന യാഗങ്ങൾക്ക് സംരക്ഷിയേകാൻ രാമലക്ഷ്മണന്മാരെ അദ്ദേഹത്തിന്റെ
കൂടെ അയക്കാൻ ആവശ്യപ്പെട്ടു. ദശരഥന്റെ ആശങ്കയെ ഗുരുവായ വസിഷ്ഠൻ ശമിപ്പിച്ചു: “ഒട്ടും
പേടിക്കേണ്ടതില്ല; രാമൻ നാരായണനാണ്.” രാമൻ രാക്ഷസിയായ താടകയെ വധിച്ച് അവൾക്ക് ശാപമോചനം
നൽകി. പിന്നീട് സുബാഹുവിനെ നിഗ്രഹിച്ച് രാമൻ മാരീചനെ വെറുതെ വിട്ടയച്ചു.
ഗൗതമാശ്രമത്തിൽ, രാമന്റെ പാദസ്പർശം ശിലയായിക്കിടന്ന അഹല്യയെ ശാപമുക്തയാക്കി. മിഥിലയിൽ, സീതയുടെ
സ്വയംവരത്തിൽ ശിവധനുസ്സ് ഭേദിച്ച് രാമൻ സീതയെ പാണിഗ്രഹണം ചെയ്തു. ക്രുദ്ധനായി എതിരേ
വന്ന പരശുരാമൻ, രാമന്റെ വിനയത്തിലും നയത്തിലും മയങ്ങി, തന്നിലുള്ള ദിവ്യശക്തിയെല്ലാം രാമനിൽ സമർപ്പിച്ച്, ധർമ്മസ്ഥാപനത്തിനുള്ള
രാമദൗത്യത്തെ അംഗീകരിച്ചു.
അയോദ്ധ്യ,
വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും അവതാരങ്ങളായ രാമ-സീത ദമ്പതികളുടെ സാന്നിദ്ധ്യത്തിൽ
സമൃദ്ധിയോടെ വിളങ്ങി. നാരദൻ, രാവണനെ ഇല്ലാതാക്കാനുള്ള
രാമന്റെ അവതാരദൗത്യവും അതിനായി പതിന്നാലുവർഷത്തെ വനവാസവും ഉണ്ടാവുമെന്ന് അദ്ദേഹത്തെ
ഓർമ്മിപ്പിച്ചു. ദശരഥൻ രാമന്റെ രാജ്യാഭിഷേകം തീരുമാനിച്ചുവെങ്കിലും സരസ്വതീ ദേവിയാൽ
സ്വാധീനിക്കപ്പെട്ട മന്ഥര, കൈകേയിയോട് പുത്രൻ ഭരതന്റെ രാജ്യാഭിഷേകവും രാമന്റെ
വനവാസവും രാജാവിനോട് ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു. കൈകേയിയുടെ വാശി ദശരഥനെ തകർത്തു, എന്നാൽ രാമൻ
ധർമ്മത്തിന് മുൻഗണന നൽകി വനവാസം സ്വീകരിച്ചു. കൗസല്യയുടെയും ലക്ഷ്മണന്റെയും
എതിർപ്പിനെ രാമൻ തന്റെ ശാന്തപ്രകൃതവും ജ്ഞാനവും കൊണ്ട് അതിജീവിച്ചു. സീത, “അങ്ങയോടൊപ്പമുള്ള
വനവാസം എനിക്ക് സ്വർഗ്ഗവാസമാണ്” എന്ന് പ്രഖ്യാപിച്ച്, ലക്ഷ്മണനോടൊപ്പം
രാമനെ പിന്തുടർന്നു. സമ്പത്തുകൾ ദാനം ചെയ്ത്, മരവുരി ധരിച്ച് രാമസീതാ ലക്ഷ്മണൻമാർ കാട്ടിലേക്ക് പോകുമ്പോൾ, അയോധ്യയിലെ ജനങ്ങൾ
രാമനാമം ജപിച്ച് കരഞ്ഞ് അവരെ അനുഗമിച്ചു.
തങ്ങളെ പിന്തുടരുന്ന ജനങ്ങളെ ഒഴിവാക്കാൻ അവർ
രാത്രിയിൽ തമസാനദീതീരത്ത് നിന്നും പുറപ്പെട്ടു. ഗുഹന്റെ സഹായത്തോടെ ഗംഗ കടന്ന് പോകവേ, സീത
ഗംഗാദേവിയോട് പ്രാർത്ഥിച്ചു. ഭരദ്വാജമഹർഷി അവരെ ചിത്രകൂടത്തിലേയ്ക്ക് നയിച്ചു.
വാല്മീകിയുടെ ആശ്രമത്തിൽ വച്ച് തനിക്ക്, “രാമ” നാമത്താലുണ്ടായ പരിവർത്തനം വിവരിച്ച്, അവർക്ക് താമസിക്കാനുള്ള
ഒരു കുടിൽ നിർമ്മിക്കാൻ പറ്റിയ സ്ഥലം ഏതെന്നു പറഞ്ഞുകൊടുത്തു. ദശരഥൻ, പണ്ട് അറിയാതെ
ചെയ്തു പോയൊരു പാപഫലമായി കിട്ടിയ ശാപത്താൽ രാമന്റെ വനവാസത്തിൽ അതീവ
ദുഃഖിതനായി മരിച്ചു. ഭരതൻ, അമ്മയായ കൈകേയിയെ ശപിച്ച്, പിതാവിന്റെ
ശവസംസ്കാരം നടത്തി, രാമനെ തിരികെ കൊണ്ടുവരാൻ ചിത്രകൂടത്തിലേയ്ക്ക്
യാത്രയായി. ഭരതൻ രാമന്റെ കാലിൽ വീണ് കൊട്ടാരത്തിലേക്ക് തിരിച്ചുവരാൻ
അപേക്ഷിച്ചെങ്കിലും, രാമൻ പിതൃവാഗ്ദാനം പാലിച്ചു. ഭരതൻ, രാമന്റെ
പാദുകങ്ങൾ വഹിച്ച്, നന്ദിഗ്രാമത്തിലേയ്ക്ക് പോയി ഒരു തപസ്വിയായി രാമന്റെ പ്രതിപുരുഷനായി
രാജ്യം ഭരിച്ചു. രാമ-സീതാ-ലക്ഷ്മണന്മാർ ഭീതിദമായ ദണ്ഡകവനത്തിലേക്ക് പോയി, അവിടെ അത്രിമുനിയുടെയും
പത്നി അനസൂയയുടെയും ആശീർവാദം സ്വീകരിച്ചു.
ദണ്ഡകവനത്തിൽ, രാമൻ
വിരാധനെ വധിച്ച്, ശാപമുക്തനായ അദ്ദേഹത്തെ സ്വതന്ത്രനാക്കി. രാമദർശനം കിട്ടിയ ശരഭംഗമുനി തന്റെ
ആശ്രമത്തിലിരുന്നു മോക്ഷപദം പ്രാപിച്ചു. ഋഷി സുതീക്ഷ്ണൻ രാമന്റെ താമരപ്പാദങ്ങളിൽ തന്റെ
ഭക്തി അർപ്പിച്ചു. അഗസ്ത്യഋഷി രാമന് ദിവ്യായുധങ്ങൾ നൽകി, അവരെ പഞ്ചവടിയിലേക്ക്
ആനയിച്ചു, അവിടെ ജടായു രാമനുമായി തന്റെ വിധേയത്വം പുതുക്കി. രാമൻ, ഭക്തിയിലൂടെ
മായയുടെ മിഥ്യയും ജീവാത്മ-പരമാത്മ ഐക്യവും ലക്ഷ്മണന് ഉപദേശരൂപത്തിൽ പകർന്നുനല്കി. കാമരൂപിണിയായ
ശൂർപ്പണഖ, രാമനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെത്തിയെങ്കിലും, ലക്ഷ്മണൻ അവളെ വികൃതയാക്കി പറഞ്ഞയച്ചു. അപ്പോളവൾ ഖരനെ
യുദ്ധത്തിനായി പ്രേരിപ്പിച്ചു, എന്നാൽ രാമൻ ഖരനെയും സൈന്യത്തെയും വധിച്ച്, അവരെ ശാപമുക്തരാക്കി.
കാട്ടിൽ കണ്ടുമുട്ടിയ മനുഷ്യനാരിയെപ്പറ്റിയുള്ള ശൂർപ്പണഖയുടെ വർണനകൾ, രാവണന്റെ ഉള്ളിൽ
സീതയോട് ആസക്തി ജനിപ്പിച്ചു. രാവണൻ മാരീചനെ സ്വർണമാനാക്കി മാറ്റി, സീതയെ ആകർഷിപ്പിച്ചു.
സ്വർണ്ണമാനിന്റെ പുറകെ പോയ രാമന്റെ ശബ്ദത്തിൽ മാരീചൻ രാമനാദം അനുകരിച്ച് കരഞ്ഞതുകേട്ട്
സീത ഭയപ്പെട്ട് ലക്ഷ്മണനെ പറഞ്ഞയച്ചു.
രാവണൻ, സന്യാസിയുടെ വേഷം ധരിച്ചു വന്ന്, സീതയെ ആകാശമാർഗ്ഗേ തട്ടിക്കൊണ്ടുപോയി. വഴിയിൽ വച്ച് ജടായു
പോരാടിയെങ്കിലും, അവന്റെ ചിറകുകൾ രാവണൻ അറുത്തു കളഞ്ഞു. സീതയെ അന്വേഷിച്ചു നടന്ന രാമനോട് രാവണൻ ദേവിയെ
കൊണ്ടുപോയ കാര്യം പറഞ്ഞ്, രാമന് മുന്നിൽ വച്ച് മരണത്തിന് കീഴ്പ്പെട്ട്, ജടായു വിഷ്ണുലോകത്തേക്ക്
ഉയർന്നു.
രാമ-ലക്ഷ്മണന്മാർ
കബന്ധനെ കണ്ടു, അവനെ കൊന്ന് അവന്റെ ഗന്ധർവ്വരൂപത്തെ മോചിപ്പിച്ചു. കബന്ധൻ അവരെ ശബരിയുടെ ആശ്രമത്തിലേക്ക്
നയിച്ചു. ശുദ്ധഭക്തിയാൽ മുക്തി നേടിയ ശബരി, സീത ലങ്കയിൽ ബന്ധനത്തിലിരിക്കുന്ന കാര്യം വെളിപ്പെടുത്തി,
സീതാന്വേഷണത്തിനായി സുഗ്രീവനെ സമീപിക്കാൻ നിർദ്ദേശിച്ചു. പമ്പാനദീതീരത്ത്, ഹനുമാൻ, ബ്രഹ്മചാരി വേഷത്തിൽ വന്ന് രാമനെ കണ്ട്, രാമ-സുഗ്രീവ
സഖ്യം ഉറപ്പിക്കാൻ സഹായിച്ചു. ആകാശമാർഗ്ഗത്തിൽ പോകുമ്പോൾ സീത താഴേയ്ക്ക് എറിഞ്ഞ ആഭരണങ്ങൾ
കാൺകെ രാമൻ കൂടുതൽ ദൃഢനിശ്ചയത്തോടെ സീതാന്വേഷണം തുടരാനും രാവണനെ ഇല്ലാതാക്കാനും തീരുമാനിച്ചു.
രാമൻ ബാലിയെ വധിച്ച്, മുക്തി നൽകി, സുഗ്രീവനെ രാജാവാക്കി. ബാലിയുടെ പത്നി താര, രാമന്റെ
ആത്മജ്ഞാനോപദേശത്താൽ മുക്തിപദം നേടി. മഴക്കാലം കഴിയുന്നതുംകാത്ത്, പ്രവർഷണപർവ്വതത്തിലെ
ഗുഹയിലിരുന്നു രാമൻ സീതാരക്ഷാ പദ്ധതി ആസൂത്രണം ചെയ്തു.
രാമനും ലക്ഷ്മണനും
അവിടെ ചാതുർമാസ്യം ആചരിക്കുമ്പോൾ രാമൻ ലക്ഷ്മണനെ ഭക്തിയിലൂടെ മോക്ഷം നേടാനുള്ള ക്രിയാമാർഗ്ഗം
പഠിപ്പിച്ചു. ഹനുമാൻ ഓർമ്മപ്പെടുത്തിയതനുസരിച്ച് സുഗ്രീവൻ അനേകം വാനരന്മാരെ സീതയെ
തേടാനായി നാലുദിക്കുകളിലേയ്ക്കും അയച്ചു. ഹനുമാൻ, രാമന്റെ അടയാളമോതിരവുമായി, തെക്കൻ
സംഘത്തെ നയിച്ച് നടക്കവേ, സ്വയംപ്രഭയുടെ സുവർണ്ണനഗരിയിൽ എത്തി. അവൾ
അവരെ സഹായിച്ച്, രാമാനുഗ്രഹത്താൽ മുക്തി നേടി. സീതയെ കണ്ടുപിടിച്ചു വരാൻ സുഗ്രീവൻ പറഞ്ഞ സമയപരിധി
അടുത്തപ്പോൾ, വാനരന്മാർ നിരാശരായി. എന്നാൽ, ജടായുവിന്റെ സഹോദരൻ, ചിറകുകൾ കരിഞ്ഞു നിലത്തു നിരങ്ങിനീങ്ങിയിരുന്ന
സമ്പാതിയെന്ന കഴുകൻ, സീത ലങ്കയിലെ അശോകവനത്തിലാണെന്ന് അവരോടു വെളിപ്പെടുത്തി. ഉടനെ ചിറകുകൾ മുളച്ചുവന്നു സ്വതന്ത്രനായ
സമ്പാതി ആകാശത്തേക്ക് പറന്നുയർന്നു. വായുപുത്രനായ
ഹനുമാൻ, സമുദ്രം ചാടിക്കടന്നു, സുരസയെ തോൽപ്പിച്ച്, ലങ്കാലക്ഷ്മിയെ കീഴടക്കി മറികടന്നു ലങ്കയിൽ എത്തി. അവിടെ
ദുഃഖിതയായിരിക്കുന്ന സീതയെ കണ്ട്, രാമന്റെ മോതിരം നൽകി; സീത, ഹനുമാന്റെ കയ്യിൽ
ചൂഡാരത്നവും നല്കി. പിന്നെ രാമനെക്കുറിച്ചുള്ള ഒരോർമ്മയും പങ്കുവച്ചു.
ഹനുമാൻ
ലങ്കയിലെ തോട്ടങ്ങൾ ശിംശുപാ വൃക്ഷമൊഴികെ എല്ലാം നശിപ്പിച്ചു, സീത രാമനെക്കുറിച്ചുള്ള
ഓർമ്മകളിൽ മുഴുകി ഇരുന്നത് ആ വൃക്ഷച്ചുവട്ടിൽ ആയിരുന്നല്ലോ. ഹനുമാൻ രാവണന്റെ
പടയാളികളേയും പുത്രനായ അക്ഷകുമാരനെയും തോൽപ്പിച്ചു. ഇന്ദ്രജിത്തിന്റെ
ബ്രഹ്മാസ്ത്രത്താൽ ബന്ധിക്കപ്പെട്ടെങ്കിലും, രാമനോടുള്ള ഭക്തിയാൽ സുരക്ഷിതനായി രാവണസഭയിൽ എത്തി.
വിഭീഷണന്റെ ഇടപെടൽ മൂലം വധിക്കപ്പെടാതെ രക്ഷപ്പെട്ട ഹനുമാന്റെ വാലിൽ എണ്ണത്തുണി
ചുറ്റി കത്തിച്ചപ്പോൾ അവൻ ആ തീയുമായി ഓടിനടന്നു ലങ്കയെ ചുട്ടെരിച്ചു. പിന്നെ സമുദ്രം ചാടിക്കടന്നു രാമസവിധത്തിൽ തിരിച്ചെത്തി, സീതയുടെ ചൂഡാരത്നം
ഭഗവാന് നൽകി. രാമൻ രാവണനെ
നശിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ നീലനെ
നേതാവാക്കി വലിയൊരു യുദ്ധം ആസൂത്രണം ചെയ്തു. വിഭീഷണൻ, രാമന്റെ
ശരണം തേടിയെത്തിയപ്പോൾ അയാളെ രാമൻ രാക്ഷസരാജാവായി അഭിഷേകം ചെയ്തു. വരുണന്റെ സഹായത്തോടെ, നളൻ നൂറു യോജന നീളമുള്ള ഒരു ചിറ നിർമ്മിച്ചു. രാമേശ്വരം എന്ന നഗരവും സ്ഥാപിക്കപ്പെട്ടു. രാവണന്റെ
ദൂതൻ ശുകനെ രാമൻ വിട്ടയച്ചു, പിന്നെ യുദ്ധാഹ്വാനം നൽകി. വാനരന്മാർ, പ്രഹസ്തനെയും
ധൂമ്രാക്ഷനെയും തോൽപ്പിച്ചു. ഇന്ദ്രജിത്തിന്റെ നാഗാസ്ത്രം ഗരുഡൻ മോചിപ്പിച്ചു.
രാവണൻ, ചന്ദ്രഹാസവുമായി
യുദ്ധത്തിനെത്തി, രാവണൻ ചാട്ടിയ ശക്തിയെന്ന വേൽ ലക്ഷ്മണനെ കീഴ്പ്പെടുത്തിയപ്പോൾ രാമൻ അവനെ നിറയുദ്ധനാക്കി
തോൽപ്പിച്ചു. പിന്നെ ആയുധവുമായി മടങ്ങിവരാൻ പറഞ്ഞ് കൊല്ലാതെ വിട്ടയച്ചു.
കുംഭകർണ്ണൻ, രാമനോട് യുദ്ധം ചെയ്തുവെങ്കിലും രാമനെ നാരായണനായി തിരിച്ചറിഞ്ഞ്, വധിക്കപ്പെട്ടു
മുക്തി നേടി. നാരദൻ രാമനെ പരമാത്മാവായി സ്തുതിച്ചു. ലക്ഷ്മണൻ, ബ്രഹ്മാസ്ത്രത്താൽ
അതികായനെ വധിച്ചു. ഇന്ദ്രജിത്ത് നിരവധി വാനരന്മാരെ കൊന്നൊടുക്കി
അവസാനം രാമനെയും ലക്ഷ്മണനെയും പോലും അബോധാവസ്ഥയിലാക്കി. താൻ വിജയിച്ചതായി
വിശ്വസിച്ച് ഇന്ദ്രജിത്ത് കൊട്ടാരത്തിലേക്ക് മടങ്ങി. ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങൾ എല്ലാവരെയും
ബോധമൂർഛയിൽ നിന്നും ഉണർത്തി. ഇന്ദ്രജിത്തിന്റെ മായാസീതാവധം വെറും മായക്കാഴ്ച്ചമാത്രമാണെന്ന്
വിഭീഷണൻ വെളിപ്പെടുത്തി. നികുംഭിലയിൽ വച്ച്
ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചു. രാവണന്റെ യാഗം ഹനുമാനും വിഭീഷണനും മറ്റ് വാനരന്മാരും
ചേർന്ന് തടസ്സപ്പെടുത്തി. അഗസ്ത്യൻ രാമന് ആദിത്യ ഹൃദയമന്ത്രം ഉപദേശിച്ചു, ഒടുവിൽ ഏറെ നീണ്ടുനിന്ന
ഘോരയുദ്ധത്തിൽ രാമൻ പൈതാമഹാസ്ത്രത്താൽ രാവണനെ വധിച്ചു, മുക്തി നൽകി. വീരനായി പൊരുതി മരിച്ച രാവണന്റെ ദേഹം
രാജകീയമായി സംസ്കരിക്കാൻ രാമൻ വിഭീഷണന് നിർദ്ദേശം നല്കി.
വിഭീഷണൻ
ലങ്കയുടെ രാജാവായി അവരോധിക്കപ്പെട്ടു. സീത, സ്വയം അഗ്നിപരീക്ഷയിലൂടെ തന്റെ പാതിവ്രത്യം
തെളിയിച്ചു. ഇന്ദ്രൻ യുദ്ധത്തിൽ മരിച്ച വാനരന്മാർക്ക് ജീവനേകി പുനർജീവിപ്പിച്ചു. അവിടെ സ്വർഗ്ഗത്തിൽ നിന്നുമെത്തിയ ദശരഥൻ, രാമനെ
പരമാത്മാവായി തിരിച്ചറിഞ്ഞ്, വീണ്ടും സ്വർഗ്ഗത്തിലേക്ക് മടങ്ങി. രാമ-സീതാ-ലക്ഷ്മണന്മാർ, വിഭീഷണനോടും
വാനരന്മാരോടും കൂടെ, പുഷ്പകവിമാനത്തിൽ കയറി കിഷ്കിന്ധ വഴി
അയോദ്ധ്യയിലേക്ക് യാത്രയായി. ഹനുമാൻ, നന്ദിഗ്രാമത്തിൽ കഴിയുന്ന ഭരതനെ രാമന്റെ വിജയവാർത്ത
അറിയിച്ചു. ഭരതൻ, ആനന്ദാശ്രുക്കളോടെ, രാമന്റെ വരവ് കാത്ത് അയോദ്ധ്യമുഴുവൻ അലങ്കരിപ്പിച്ചു.
സുഗ്രീവന്റെയും മഹർഷിമാരുടെയും നേതൃത്വത്തിൽ, വൈദികമന്ത്രങ്ങളോടെ, ദേവന്മാർ നോക്കി നിൽക്കവേ രാമന്റെ പട്ടാഭിഷേകം ആഘോഷപൂർവ്വം നടന്നു. രാമൻ, ഹനുമാന്
നിത്യഭക്തിയുടെ അനുഗ്രഹം നൽകി. സുഗ്രീവനും സഖാക്കൾക്കും വാനര വീരന്മാർക്കും ധാരാളം സമ്മാനങ്ങൾ
നല്കി. രാമന്റെ ഭരണത്തിൽ, അയോദ്ധ്യ വൈകുണ്ഠമെന്നപോലെ രോഗവും കുറ്റവും ഇല്ലാതെ, രാമരാജ്യമായി,
സമൃദ്ധവും ഐശ്വര്യസമ്പൂർണ്ണവുമായി വിളങ്ങി. ശിവൻ, രാമന്റെ കഥ പാർവതിക്കായി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അദ്ധ്യാത്മ
രാമായണത്തിന്റെ വായന സാധകന് മോക്ഷവും സമ്പത്തും ഭയമുക്തിയും, ധർമ്മ-അർത്ഥ-കാമ-മോക്ഷങ്ങളും
നൽകുമെന്ന് വെളിപ്പെടുത്തി. ശ്രീരാമ രാമ രാമ!
No comments:
Post a Comment